06:15pm 23 August 2026
NEWS
വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച രണ്ട് പെൺകുട്ടികളിൽ ഒരാൾ മരിച്ചു
23/08/2026  11:22 AM IST
nila
വിഷം കഴിച്ച് ജീവനൊടുക്കാൻ ശ്രമിച്ച രണ്ട് പെൺകുട്ടികളിൽ ഒരാൾ മരിച്ചു

ലക്നൗ: ഒരുമിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച രണ്ട് സുഹൃത്തുക്കളിൽ 18കാരി മരിച്ചു. ഉത്തർപ്രദേശിലെ ഭദോഹി ജില്ലയിലാണ് സംഭവം. ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുന്ന 19കാരിയായ സുഹൃത്തിന്റെ ആരോഗ്യനില നിലവിൽ തൃപ്തികരമാണെന്ന് പൊലീസ് അറിയിച്ചു. വ്യക്തിജീവിതത്തിലെ കടുത്ത പ്രതിസന്ധികളെ തുടർന്നാണ് ഇരുവരും ജീവിതം അവസാനിപ്പിക്കാൻ തീരുമാനിച്ചത്. 

കുട്ടിക്കാലം മുതൽ അടുത്ത സുഹൃത്തുക്കളായിരുന്ന ഇരുവരും പത്താം ക്ലാസ് വരെ ഒരേ സ്കൂളിലാണ് പഠിച്ചത്. വ്യക്തിജീവിതത്തിലെ പ്രശ്നങ്ങൾ പരസ്പരം പങ്കുവച്ചതിന് പിന്നാലെയാണ് ഇരുവരും വിഷം കഴിക്കാൻ തീരുമാനിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക കണ്ടെത്തൽ.

ധാന്യങ്ങൾ കേടാകാതിരിക്കാൻ ഉപയോഗിക്കുന്ന അലുമിനിയം ഫോസ്ഫൈഡ് അടങ്ങിയ അതീവ വിഷാംശമുള്ള ഗുളികകളാണ് ഇരുവരും കഴിച്ചത്. 18കാരിയായ കവിത രണ്ട് ഗുളികകളും 19കാരിയായ സാധന ഒരു ഗുളികയുമാണ് കഴിച്ചതെന്ന് പൊലീസ് പറഞ്ഞു.

സാധനയുടെ മാതാപിതാക്കളാണ് ഇരുവരെയും അബോധാവസ്ഥയിൽ കണ്ടെത്തിയത്. തുടർന്ന് പൊലീസും ബന്ധുക്കളും ചേർന്ന് ഇരുവരെയും ആശുപത്രിയിലെത്തിച്ചു. ആരോഗ്യനില ഗുരുതരമായതിനെ തുടർന്ന് കവിതയെ വാരണാസിയിലെ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും വെള്ളിയാഴ്ച രാത്രി വൈകി മരണം സംഭവിക്കുകയായിരുന്നു.

അതേസമയം, സാധന ഇപ്പോഴും ആശുപത്രിയിൽ ചികിത്സയിലാണ്. രണ്ട് മാസം മുൻപ് സാധനയുടെ വിവാഹം വീട്ടുകാരുടെ തീരുമാനപ്രകാരം നടന്നിരുന്നു. ഭർത്താവിനൊപ്പം കഴിയാൻ താൽപര്യമില്ലാതിരുന്നതിനാൽ കഴിഞ്ഞ ഒരു മാസമായി ഇവർ സ്വന്തം വീട്ടിലായിരുന്നു.

കവിതയാകട്ടെ, താൻ സ്നേഹിച്ച വ്യക്തിയുമായി വിവാഹം നടത്താൻ കുടുംബം സമ്മതിക്കാത്തതിനെ തുടർന്ന് മാനസിക സമ്മർദത്തിലായിരുന്നുവെന്നാണ് വിവരം. ഇരുവരുടെയും വ്യക്തിജീവിതത്തിലെ പ്രതിസന്ധികളാണ് ആത്മഹത്യാശ്രമത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പറയുന്നത്.

സംഭവത്തിൽ സാധനയുടെ വിശദമായ മൊഴി മജിസ്‌ട്രേറ്റിന് മുന്നിൽ രേഖപ്പെടുത്തിയിട്ടുണ്ട്. കവിതയുടെ മൃതദേഹം ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കിയ ശേഷം പോസ്റ്റ്മോർട്ടത്തിനായി അയച്ചു. സംഭവത്തിൽ വിശദമായ നിയമനടപടികൾ പുരോഗമിക്കുകയാണെന്ന് പൊലീസ് അറിയിച്ചു.

ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
NATIONAL
img